കെട്ടിട നിർമാണത്തിലെ കലയും ശാസ്ത്രവും അടങ്ങുന്ന വിജ്ഞാന ശാഖയാണ് വാസ്തുവിദ്യ. വാസ്തുവിദ്യയിൽ സമ്പന്നമായ പാരമ്പര്യമുള്ള രാജ്യമാണ് ഭാരതം. പൗരാണിക ഭാരതീയ വാസ്തുവിദ്യയുടെ അന്തസത്ത അതിലടങ്ങിയ ആത്മീയാശം ആണെന്ന് പറയയപ്പെടുന്നു. പ്രാചീന ഭാരതീയവാസ്തുശില്പങ്ങളിൽ പുരാണേതിഹാസങ്ങളിലെ സംഭവങ്ങളും കഥാപാത്രങ്ങളും ചിത്രീകരിച്ചിരിക്കുന്നു. കൊത്തുപണികൾ ഇല്ലാത്ത ചുമരുകളോ, മോടിപിടിപ്പിക്കത്ത തൂണുകളോ, അലങ്കരിക്കപ്പെടാത്ത തട്ടുകളോ ഇവയിൽ കണ്ടെത്താനാവില്ല. ഭാരതീയ വസ്തുവിദ്യയിലെ അറിയപ്പെടുന്ന ആദ്യകാല നിർമിതികളുടെ സ്മാരകങ്ങളായി ചില അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. സിന്ധുനദീതടത്തിലെ മോഹൻജൊദാരോ, ഹരപ്പ, ചുറുദാരോ, എന്നിവിടങ്ങളിൽ (ബി.സി. 3000) ജനങ്ങൾ തിങ്ങിപാർത്തിരുന്നതായി ഇവ തെളിയിക്കുന്നു. ഓരോ കലഘട്ടത്തിലും വാസ്തു വിദ്യയിൽ മതങ്ങൾ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഭാരതീയ വാസ്തു വിദ്യയുടെ വികാസത്തിൽ ബുദ്ധമതത്തിന്റെ സ്വാധീനം അതിപ്രധാനമാണ്.
ബ്രിട്ടീഷ് ഇന്ത്യയിലെ പ്രമുഖനായ ഒരു ഭരണാധികാരിയായിരുന്നു ജോൺ ലോറൻസ് എന്ന ജോൺ ലൈർഡ് മൈർ. 1864 മുതൽ 1869 വരെ ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയായിരുന്നു. 1846 മുതൽ 1849 വരെ ജലന്ധർ ദൊവാബിന്റെ ചീഫ് കമ്മീഷണർ, 1849 മുതൽ 1853 വരെ പഞ്ചാബ് ഭരണബോർഡ് അംഗം, 1853 മുതൽ 1858 വരെ പഞ്ചാബിന്റെ ചീഫ് കമ്മീഷണർ, ലെഫ്റ്റനന്റ് ഗവർണർ എന്നീ പദവികളും വഹിച്ചിരുന്നു. 1857-ലെ ഇന്ത്യൻ ലഹളക്കാലത്ത് ലഹള പഞ്ചാബിലേക്ക് പടരാതിരിക്കാൻ ജോൺ സ്വീകരിച്ച നടപടികൾ പ്രശംസകൾക്ക് പാത്രമായി. ഇന്ത്യൻ ശിപായികളുടെ നിയന്ത്രണത്തിലായ ദില്ലി തിരിച്ചുപിടിക്കുന്നതിനുള്ള പദ്ധതികളാവിഷ്കരിച്ചതു ജോൺ ആയിരുന്നു. ഇന്ത്യയിലെ ഗവർണർ ജനറലായി നിയമിക്കപ്പെട്ട പ്രഭുസ്ഥാനമില്ലാത്ത ആദ്യത്തെയാളായിരുന്നു ജോൺ. പഞ്ചാബിന്റെ രക്ഷകൻ എന്നും ബ്രിട്ടീഷ് ഇന്ത്യയുടെ രക്ഷകൻ എന്നും ഇദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്.
പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയും രാജ്യതന്ത്രജ്ഞനുമാണ് കോട്ടയത്ത് കേരളവർമ്മ തമ്പുരാൻ എന്നറിയപ്പെടുന്ന കേരളവർമ്മ. കവിയും സംഗീതവിദ്വാനും ആയിരുന്ന കേരളവർമ്മ സൈനിക കാര്യോപദേഷ്ഠാവുമായിരുന്നു. വാല്മീകി രാമായണത്തിന്റെ മലയാള തർജ്ജമയായ വാൽമീകി രാമായണം (കേരളഭാഷാകാവ്യം) ആണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതി. മലയാളത്തിലേക്ക് ആദ്യമായി വാൽമീകി രാമായണത്തെ തർജ്ജമ ചെയ്തത് ഇദ്ദേഹമാണെന്നു കരുതപ്പെടുന്നു. വാൽമീകി രാമായണത്തിന്റെ ആദ്യ അഞ്ചു കാണ്ഡങ്ങൾ അദ്ദേഹത്തിന്റെ പരിഭാഷയിൽ ലഭ്യമാണ്. ഭരണകാര്യങ്ങളിൽ നാട്ടുകാരുടെ ഇടയിൽ അനഭിമതനായി മാറിയ കേരളവർമ്മ 1696-ൽ സ്വന്തം കൊട്ടാര വളപ്പിനുള്ളിൽ വെച്ച് കൊല്ലപ്പെട്ടു. ഭരണം കൂടുതൽ രാജ കേന്ദ്രീകൃതമാകുന്നതിൽ എതിർപ്പുണ്ടായിരുന്ന എട്ടരയോഗം എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ ക്ഷേത്ര ഭരണക്കാരാണ് അദ്ദേഹത്തെ കൊന്നത് എന്നു കരുതപ്പെടുന്നു. എന്നാൽ ആരാണ് യഥാർത്ഥ കൊലയാളി എന്നത് ഒരു പ്രഹേളികയായി നിലനിൽക്കുന്നു
2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 40,448 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.